വിവേക് രാമസ്വാമിയെ മാറ്റി, ഡോജിന്റെ ചുമതല ഇലോണ്‍ മസ്‌കിന് മാത്രമെന്ന് വൈറ്റ്ഹൗസ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി (ഡോജ്) ചുമതല ഇലോണ്‍ മസ്‌കിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.അതേസമയം, അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പിന്മാറ്റം പ്രാവര്‍ത്തികമാകാന്‍ ഒരു വര്‍ഷമെടുക്കും.

Read Also: ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന ഉപദേശക സമിതിയുടെ തലവന്‍മാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍, ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് വിവേക് സ്വാമി ഡോജിന്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. ഡോജ് ഉണ്ടാക്കുന്നതില്‍ വിവേക് രാമസ്വാമി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നിലവില്‍ ഓഹിയോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലാണ് മാറ്റമെന്നുമാണ് വിശദീകരണം.

കഴിഞ്ഞ രണ്ടു മാസത്തെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വൈറ്റ്ഹൗസ് വക്താവ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയില്‍ ഇലോണ്‍ മസ്‌ക് സംതൃപ്തനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിനോട് ചായ്‌വുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചകളായി വിവേക് രാമസ്വാമിയുമായി ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവിയന്റ് സയന്‍സസിന്റെ സ്ഥാപകനമാണ് വിവേക് രാമസ്വാമി.

അമേരിക്കയുടെ നാല്പത്തിയേഴാം പ്രസിഡന്റായാണ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക നേതാക്കളും വ്യവസായ പ്രമുഖരും അടങ്ങുന്ന ജനാവലി ചടങ്ങിന് സാക്ഷികളായി.

Share
Leave a Comment