‘സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശം നൽകിയ കേസ്’; ഷാരോൺ വധക്കേസിൽ കോടതി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച കോടതിയുടെ പരാമര്‍ശമാണ് ഏറെ ശ്രദ്ധേയമായത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കേസില്‍ വിധി പറയവേ നിരവധി പരാമര്‍ശങ്ങള്‍ കോടതി നടത്തി. അതില്‍ ഒന്ന്, ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്നതായിരുന്നു.

Read Also: വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

2022 ഒക്ടോബറിലാണ് കേരളത്തെയാകെ നടുക്കിയ ക്രൂരമായ ഈ ക്രൈം നടന്നത്. കാമുകനായ ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു ഗ്രീഷ്മയെന്ന 22 -കാരി. എന്നാല്‍, അവസാന നിമിഷം വരെ ഷാരോണ്‍ ഗ്രീഷ്മയുടെ പേര് പറയാതിരിക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഗ്രീഷ്മയ്ക്ക് പാളിപ്പോയി. ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും അവന്റെ സഹോദരനും സുഹൃത്തിനുമെല്ലാമുണ്ടായ സംശയങ്ങള്‍ കേസിലെ അന്വേഷണത്തിന് ശക്തി പകര്‍ന്നു. കേസില്‍ പഴുതടച്ച അന്വേഷണം നടന്നു. ഒടുവില്‍ കേസില്‍ വിധിയും വന്നു.

വിധി പറയുന്ന നേരത്ത് കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങളില്‍ ഒന്നാണ് ‘സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്’ എന്നത്. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ലെന്നും കോടതിയുടെ പരാമര്‍ശത്തില്‍ പറയുന്നു.

എങ്ങനെയാണ് സ്‌നേഹത്തില്‍ ഷാരോണ്‍ വഞ്ചിക്കപ്പെട്ടത് എന്നതിനെ കുറിച്ച് പ്രോസിക്യൂഷനും എടുത്തുപറഞ്ഞു. ‘ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്’ എന്നായിരുന്നു പരാമര്‍ശം.

Share
Leave a Comment