കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം. സംസ്ഥാന സർക്കാർ അതിജീവിതയുടെ കുടുംബത്തിന് 17 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
കുറ്റം അപൂർവങ്ങളിൽ അപൂർവമല്ലെന്ന നിരീക്ഷണത്തോടെയാണ് കൊല്‍ക്കത്ത സീല്‍ദാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സി ബി ഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി പ്രസ്താവിച്ചത്. ജൂനിയര്‍ ഡോക്ടറെ പ്രതി ആക്രമിച്ചതും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
പ്രതിക്ക് വധശിക്ഷ തന്നെ വേണമെന്ന സി ബി ഐ വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാണിച്ചു. ഫോറന്‍സിക് തെളിവുകള്‍ പ്രതി ചെയ്ത കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയ് മാത്രമാണ് കേസിലെ ഏക പ്രതി. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് യഥാര്‍ഥ കുറ്റവാളിയെ പിടികൂടണമെന്നും പ്രതി സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. സാക്ഷിപ്പട്ടികയില്‍ 128 പേരാണുണ്ടായിരുന്നത്.
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ പ്രതി സഞ്ജയ് റോയി എന്ന പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക സന്നദ്ധ സേനാംഗമാണ് പ്രതി. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
Leave a Comment