ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണം : കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു

കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരാണ് സുല്‍ത്താന്‍ ബത്തേരിയിലെ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായത്.

കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കല്‍പ്പറ്റ ചീഫ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2024 ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പിന്നാലെ 27ാം തിയ്യതി ഇരുവരും മരിച്ചു. ഇതിന് പിന്നാലെ പുറത്ത് വന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കളെ കുടുക്കിയത്.

എന്‍എം വിജയന്‍ വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് വിജയന്‍ പറയുന്നത്.

ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബേങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നിയമനത്തിന് പണം വാങ്ങിയത് ഐസി ബാലകൃഷ്ണന്‍ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്.

Share
Leave a Comment