ഋതു സമാന രീതിയിലുള്ള കൊലകള്‍ ഇനിയും ചെയ്യും: പൊലീസ് റിപ്പോര്‍ട്ട്

പറവൂര്‍: ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയന്‍ വേണുവിന്റെ വീട്ടില്‍ എത്തിയത്. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിന്‍ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നുവെന്നും മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

Read Also: നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം

പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങള്‍ ഇനിയും ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ വേളയില്‍ പ്രതി കടന്നു കളയുമെന്ന് സംശയമുണ്ട്. പ്രതി പുറത്തിറങ്ങിയാല്‍ കേസ് ദുര്‍ബലപ്പെടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം, ഋതുവിനെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.പറവൂര്‍ JFMC കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പ് ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം പൊലീസ് കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചശേഷം ഇക്കാര്യങ്ങളിലും പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കും. പ്രതിക്കെതിരെ കടുത്ത ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെളിവെടുപ്പ് അടക്കം പൊലീസിന് വലിയ വെല്ലുവിളിയാകും. കൊലപാതകം നടന്ന വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കൂടുതല്‍ പൊലീസിനെ ഉള്‍പ്പെടെ നിയോഗിക്കേണ്ടതുണ്ട്. ജയിലിന് ഉള്ളിലും പ്രതി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് പൊലീസിന് ജയിലധികൃതര്‍ നല്‍കിയ വിവരം.

വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പേരേപ്പാടം കാട്ടിപ്പറമ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തലയ്ക്കടിയേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.

 

 

Share
Leave a Comment