മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു: മരണക്കിടക്കയിലും മകനെ സംരക്ഷിച്ച് പിതാവ്

തിരുവനന്തപുരം: കിളിമാനൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബുവെന്ന് വിളിക്കുന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5 മണിയ്ക്കായിരുന്നു സംഭവം. മാതാവിന്റെ മൊബൈല്‍ ഫോണ്‍ മകന്‍ ആദിത്യ കൃഷ്ണന്‍ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് പിതാവിനെ അറിയിക്കുകയും വീട്ടില്‍ വന്ന് മൊബൈല്‍ തിരിച്ചു നല്‍കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നത്.

Read Also;ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിൽ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : പ്രതിക്ക് ജീവപര്യന്തം ശിക്ഷ

ഇതിനിടെ മകന്‍ പിതാവിന്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി താഴേക്ക് വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തറയോടില്‍ തലയിടിച്ച് പിതാവിന് ഗുരുതര പരുക്കേറ്റു. മുഖത്തും തലയിലും പരുക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്കപകടത്തില്‍ പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഹരികുമാര്‍ ഇന്ന് പുലര്‍ച്ചെ 2.15 മണിക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരണപ്പെടുന്നത്. ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക വകുപ്പ് ചുമത്തി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു. മകന്‍ ആദിത്യ കൃഷ്ണനെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Share
Leave a Comment