രജൗരി: ജമ്മു കാശ്മീരിലെ രജൗരിയില്‍ 6 ആഴ്ചയ്ക്കിടെ 16 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഡിസംബര്‍ 7 മുതലാണ് ബുധാല്‍ ഗ്രാമത്തില്‍ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വിഷം നല്‍കിയതാണോ എന്നതടക്കം അന്വേഷണ പരിധിയിലുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിശദമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സംഘത്തെ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കല്‍സ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ട്.
Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി : കനത്ത മഴയ്ക്ക് സാധ്യത
അതേസമയം ന്യൂറോടോക്‌സിനുകളാണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്നാണ് ശനിയാഴ്ച ആരോഗ്യ വകുപ്പ് മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. രജൗരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ആശ ഭാട്ടിയ, ബുദാല്‍ എംഎല്‍എ ജാവേദ് ഇഖ്ബാല്‍ ചൌധരി അടക്കമുള്ള സംഘമാണ് ശനിയാഴ്ച ഇക്കാര്യം വിശദമാക്കിയത്. മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. തലച്ചോറില്‍ നീര്‍ക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു. തലച്ചോറില്‍ സാരമായ തകരാറ് അനുഭവപ്പെട്ടിരുന്നു. ഇവരുടെ രോഗാവസ്ഥയില്‍ പുരോഗതിയുണ്ടാക്കാന്‍ സാധ്യമാക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. ഡിസംബര്‍ 7 മുതല്‍ ജനുവരി 17നും ഇടയിലായി ഇവിടെ അസ്വാഭാവികമായി 16 പേരാണ് മരണപ്പെട്ടത്.
കടുത്ത പനി, തലചുറ്റല്‍, ബോധക്ഷയം എന്നിവയോടെയാണ് രോഗികള്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവില്‍ അസുഖബാധിതയായ 15കാരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 2024 ഡിസംബറില്‍ ഒരു കുടുംബത്തിലെ 7 പേര്‍ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ 5 പേര്‍ മരിക്കുകയും ചെയ്തു. ഡിസംബര്‍ 12ന് മറ്റൊരു കുടുംബത്തിലെ 9 പേര്‍ക്കും അസുഖം ബാധിച്ചു. ഇതില്‍ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേര്‍ക്ക് അസുഖം ബാധിച്ചതില്‍ 5 കുട്ടികള്‍ മരിച്ചു. ഇവര്‍ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും സ്ഥിതി ചെയ്യുന്നത്. പകര്‍ച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Leave a Comment