ജെറുസലെം: ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുന്ന ബന്ദികളുടെ പട്ടിക കൈമാറാതെ ഗാസയിലെ വെടിനിര്‍ത്തല്‍ നടക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുന്‍പ് തങ്ങളിരുവരും അംഗീകരിച്ച വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ തങ്ങളും വെടിനിര്‍ത്തലിനുള്ള നീക്കങ്ങള്‍ നടത്തില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നത് ഇസ്രയേല്‍ ഒരു തരത്തിലും അംഗീകരിക്കില്ല. എല്ലാ ഉത്തരവാദിത്തവും ഹമാസിനായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 15 മാസത്തോളം നീണ്ട യുദ്ധം അവസാനിച്ച് ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന് പ്രതീക്ഷിച്ച് ലോകം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുന്നതിനിടെയാണ് നേരിയ രീതിയില്‍ ആശങ്കപ്പെടുത്തുന്ന ഈ പ്രസ്താവന പുറത്തെത്തിയിരിക്കുന്നത്.
Read Also;സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്‍
കരാര്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം വൈകിപ്പിച്ചത്. യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തര്‍. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയക്കും.ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.
കരാറില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ഹമാസ് സമ്മര്‍ദം ചെലുത്താതിരിക്കുന്നതുവരെ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തര്‍ കരാറിലെ എല്ലാ വ്യവസ്ഥകളേയും തങ്ങള്‍ മാനിക്കുന്നുണ്ടെന്നാണ് ഹമാസ് പ്രതിനിധി ഇസാറ്റ് അല്‍ റാഷ്ഖിന്റെ പ്രതികരണം.
Leave a Comment