ആംബുലന്‍സിന് മുന്നിൽ വഴി മുടക്കിയത് ഡോക്ടറുടെ കാർ : കേസെടുത്ത് കതിരൂര്‍ പോലീസ്

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം

കണ്ണൂര്‍: രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ എരഞ്ഞോളിയില്‍ വഴിമുടക്കിയ കാര്‍ ഓടിച്ചിരുന്നത് ഡോക്ടര്‍. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തു.

പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചത്. ഇയാളില്‍ നിന്നും 5,000 രൂപ പിഴയും ഈടാക്കി. രാഹുല്‍രാജ് മാര്‍ഗതടസമുണ്ടാക്കിയതിനാല്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റുഖിയയ്ക്ക് സിപിആര്‍ കൊടുത്തുകൊണ്ടാണ് ആംബുലന്‍സ് ആശുപത്രിയിലേക്ക് കുതിച്ചത്. ഇതിനിടെ മട്ടന്നൂര്‍-തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ വച്ചാണ് രാഹുല്‍ രാജിന്റെ കാര്‍ ആംബുലന്‍സിന് മുന്നിലായത്.

ആംബുലന്‍സ് ഹോണ്‍ മുഴക്കിയെങ്കിലും രാഹുല്‍ കാര്‍ ഒതുക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുഖിയ അല്‍പസമയത്തിനകം മരിച്ചു.

Share
Leave a Comment