വ്യവസായി മാമിയുടെ തിരോധാനം : അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവര്‍ നല്‍കിയ പരാതി തള്ളി

എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് പരാതി നല്‍കിയത്

കോഴിക്കോട് : കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാനത്തില്‍ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പരാതി തള്ളി. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയാണ് തള്ളിയത്.

എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. തുടര്‍ച്ചയായി സിറ്റിംഗുകളില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പരാതി തള്ളിയത്. കേസില്‍ ക്രൈംബ്രാഞ്ച് രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ചോദ്യം ചെയ്തതിന് പിറകെ ഇവര്‍ നാടുവിട്ടിരുന്നു. ഇവരെ കാണാനില്ലെന്ന് അറിയിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത് നടക്കാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ കാരണം മനസ് അസ്വസ്ഥമായതിനാലാണ് മാറി നിന്നതെന്നാണ് രജിത് കുമാറും ഭാര്യയും പോലീസിന് മൊഴി നല്‍കിയത്. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയതതെന്നും കേസില്‍ പങ്കില്ലെന്നുമാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.

2023 ആഗസ്ത് 22നാണ് വീട്ടില്‍ നിന്നും ഇറങ്ങിയ മാമിയെ കാണാതായത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment