KeralaLatest News

യഥാർത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ് : ഗ്രീഷ്മയ്ക് ചെകുത്താന്റെ ചിന്ത : ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആ ദിവസം ഷാരോൺ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.

ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ശിക്ഷ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിനിടെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാൻ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ പറഞ്ഞതോടെ ഗ്രീഷ്മയെ ജഡ്ജ് അടുത്തേയ്ക്ക് വിളിക്കുകയായിരുന്നു.

ഗ്രീഷ്മ ആവശ്യങ്ങൾ എഴുതി നൽകി. ഇതിന് പിന്നാലെ ഗ്രീഷ്മ എഴുതി നൽകിയ കാര്യങ്ങൾ പരിശോധിച്ചു. പിന്നാലെ ജഡ്ജി ഗ്രീഷ്മയോട് കാര്യങ്ങൾ നേരിട്ട് ചേദിച്ചറിഞ്ഞു. കൂടുതൽ കാര്യങ്ങൾ ഗ്രീഷ്മ വിശദീകരിച്ചു. തുട‍ർ‌ന്ന് പഠിക്കണമെന്ന് കോടതിയോട് അഭ്യ‍ർത്ഥിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ ജഡ്ജിയെ കാണിച്ചു. തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്ന് ഗ്രീഷ്മ അറിയിച്ചു. 24 വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നൽകണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു.

കേസ് അപൂർവങ്ങളിൽ അപൂർവമെന്നായിരുന്നു പ്രോസിക്യുഷൻ്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് കൊന്നത്. യഥാർത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കൊന്നത്. പ്രണയമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയാണ് കൊലപാതകം.

ഗ്രീഷ്മയ്ക് ചെകുത്താന്റെ ചിന്ത. ഒരു തവണ പരാജപ്പെട്ടപ്പോൾ വീണ്ടും ശ്രമം നടത്തി. ക്രൂരനായ ഒരാൾക്കെ അങ്ങിനെ ചിന്തിക്കാൻ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ആ ദിവസം ഷാരോൺ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിഷം കഴിച്ചതോടെ ചുണ്ട് മുതൽ ആന്തരിക അവയവം വരെ തകരാറിലായി എന്ന ഡോക്ടർമാരുടെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. യാദൃശ്ചികമായി സംഭവിച്ച കൊലപാതകം അല്ല, കൃത്യമായി ആസൂത്രണം ചെയ്താണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ബിരുദാനനന്തര ബിരുദധാരിയെന്ന നിലയിൽ ഗ്രീഷ്മയുടെ അറിവുകൾ കൊലയ്ക്ക് ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ ഇല്ലാതാക്കിയത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കൊലപാതകം മനസാക്ഷിയുള്ള സമൂഹത്തെ ആകെ ഞെട്ടിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

shortlink

Post Your Comments


Back to top button