കലൂര്‍ സ്‌റ്റേഡിയം അപകടം : ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ എംഎല്‍എയെ കഴിഞ്ഞ ദിവസമാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി.

മന്ത്രി, കെ എന്‍ ബാലഗോപാല്‍, സി പി എം. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആര്‍ട്ട് മാഗസിന്‍ മൃദംഗ വിഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ എംഎല്‍എയെ കഴിഞ്ഞ ദിവസമാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. 15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എംഎല്‍എയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരുക്കേറ്റത്.

സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസംഘാടകന്‍ മൃദംഗവിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ എ ഷമീര്‍, പരിപാടിക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയ ഇവന്റ്സ് ഇന്ത്യ പ്രൊപ്രൈറ്റര്‍ വാഴക്കാല സ്വദേശി കൃഷ്ണകുമാര്‍, താല്‍ക്കാലിക വേദി തയ്യാറാക്കിയ ബെന്നി, ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റ് ഉടമയും പൂത്തോള്‍ സ്വദേശിയുമായ പി എസ് ജനീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Share
Leave a Comment