പത്തനംതിട്ട കൂട്ടബലാത്സംഗ കേസ് : അറസ്റ്റിലായവരുടെ എണ്ണം 49 ആയി : അന്വേഷണം ഊർജിതമാക്കി പോലീസ്

സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മാനസികാരോഗ്യം തൃപ്തികരമാണ്

പത്തനംതിട്ട: പത്തനംതിട്ട കൂട്ടബലാത്സംഗ കേസിൽ ശേഷിക്കുന്ന പത്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 49 ആയി.

ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിലായി 30 എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു എഫ് ഐ ആർ തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലുമുണ്ട്. സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മാനസികാരോഗ്യം തൃപ്തികരമാണ്.

പെൺകുട്ടിക്ക് ദിവസവും കൗൺസിലിംഗ് നൽകുന്നുണ്ട്. പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.

പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേക്കും കേസ് അന്വേഷണം ശക്തമായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം പത്ത് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആറു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

Share
Leave a Comment