സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃക: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി

നൂറ്റാണ്ടുകളുടെ വാണിജ്യ സാംസ്‌കാരിക പൈതൃക ബന്ധമാണ് അൽ മർസൂഖി കുടുംബത്തിന് കേരളവുമായുള്ളത്

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന വിദ്യാഭ്യാസം പൊതുസമൂഹത്തിൽ അവതരിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃകയാണെന്ന് ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി പറഞ്ഞു.

പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിൽ നിന്നും കേരളത്തിൽ എത്തിയ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി ഗൾഫിലും ഇന്ത്യയിലും മഹാരാജാ സ്വാതി തിരുനാൾ ഇൻ്റർ നാഷണൽ ഇന്ത്യൻ സ്‌കൂളുകൾ ആരംഭിയ്ക്കുന്നതിനുള്ള പരിശ്രമത്തിലാണ്.

സ്വാതി തിരുനാൾ കൃതികളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ നൃത്ത -സംഗീതോത്സവങ്ങൾ സംഘടിപ്പിയ്ക്കുന്നതിന് പരിശ്രമിയ്ക്കുമെന്നും, കലാ സാഹിത്യ വിഷയങ്ങളിൽ പ്രോത്സാഹനം നൽകുന്ന മഹാരാജാ സ്വാതി തിരുനാൾ ആർട്സ് സ്‌കൂളും അൽ മർസൂഖി ഗ്രൂപ്പിൻ്റെ പൈതൃക ടൂറിസം പദ്ധതികളുടെ ഭാഗമായി ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളുടെ വാണിജ്യ സാംസ്‌കാരിക പൈതൃക ബന്ധമാണ് അൽ മർസൂഖി കുടുംബത്തിന് കേരളവുമായുള്ളതെന്നും, ബേപ്പൂർ തുറമുഖത്തു നിന്നും കപ്പലുകൾ വാങ്ങിയ തൻ്റെ മുത്തച്ഛൻ്റെ പാദമുദ്രകൾ പതിഞ്ഞ ബേപ്പൂർ തുറമുഖം 39 വർഷങ്ങൾക്ക് ശേഷം വീണ്ടും സന്ദർശിയ്ക്കുന്നതിനും, ബേപ്പൂരിൽ നിന്നും പൈതൃക ടൂറിസത്തിന് അനുയോജ്യമായ കപ്പലുകളുമായി ഇൻഡ്യാ -അറബ് വാണിജ്യ പൈതൃകം അടയാളപ്പെടുത്തുന്ന പദ്ധതികൾ പഠിയ്ക്കുന്നതിനുമാണ് താൻ കേരളത്തിലെത്തിയത്.

കേരളത്തിലെ രുചികരമായ മാങ്ങകളും, കോഴിക്കോടൻ ഹലുവയും, സുഗന്ധ വിളകളുമായി മുത്തച്ഛൻ്റെ കപ്പൽ ദുബായിലെത്തുമ്പോൾ കൊച്ചു കുട്ടികളായിരുന്ന ഞങ്ങൾക്കും, ബന്ധുക്കൾക്കുമുണ്ടായിരുന്ന സന്തോഷം വർണ്ണനാതീതമാണ്. കേരളത്തിൽ നിന്നും നല്ല വെളിച്ചെണ്ണയും, കോഴിക്കോടൻ ഹലുവയും വാങ്ങി വരണമെന്നാണ് ഭാര്യയും കുടുംബാംഗങ്ങളും പറഞ്ഞത്. അതെല്ലാം വാങ്ങിയാണ് ഞാൻ ദുബായിലേക്ക് മടങ്ങുന്നത്.

സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദീപ്ത സ്‌മരണകൾ നിലനിൽക്കുന്ന കുതിരമാളിക കൊട്ടാര സമുച്ചയത്തിലെ *കൃഷ്ണവിലാസം കൊട്ടാരത്തിൽ ജനുവരി 14 -ന് രാവിലെ 11.00 am -ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദർശിച്ച്, അൽ മർസൂഖി കുടുംബത്തിൻ്റെ സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു.

എല്ലാ മതവിഭാഗങ്ങളെയും സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്ത് തിരുവിതാംകൂർ രാജവംശത്തിലെ മഹാരാജാക്കന്മാർ രാജ്യനന്മയ്ക്ക് നടപ്പാക്കിയ പദ്ധതികൾ ശ്ലാഖനീയമാണെന്നും, ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായ സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ഭരണകാലം കവിരത്നങ്ങൾക്കും സംഗീതപ്രതിഭകൾക്കും നൽകിയ പ്രോത്സാഹനം മഹത്തരമാണെന്നും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവർ പറഞ്ഞു. ഇരയിമ്മൻ‌തമ്പി, ഷഡ്കാല ഗോവിന്ദമാരാർ, വടിവേലു, ചിന്നയ്യ, പൊന്നയ്യ തുടങ്ങിയ പ്രതിഭകൾക്കൊപ്പം എത്രയോ നർത്തകിമാർക്ക് പ്രോത്സാഹനം നൽകിയ സ്വാതി തിരുനാൾ മഹാരാജാവിനെ ആദരിയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഗൾഫിൽ നേതൃത്വം നൽകാൻ തയ്യാറായ ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയ്ക്കും, അദ്ദേഹത്തോടൊപ്പം പ്രവർത്തിയ്ക്കുന്ന ഡയസ് ഇടിക്കുളയ്ക്കും തിരുവിതാംകൂർ രാജവംശത്തിൻ്റെ ആശംസകൾ രാജകുടുംബാംഗങ്ങൾ അറിയിച്ചു.

സ്വാതി തിരുനാൾ മഹാരാജാവും, ലോക പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ജോൺ കാൽഡെകോട്ടും ചേർന്നാണ് 1837-ൽ തിരുവിതാംകൂറിൽ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. ട്രാവൻകൂർ വാന നിരീക്ഷണ കേന്ദ്രത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തിയ ചിത്രം മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയ്ക്ക് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവർ ചേർന്ന് സമർപ്പിച്ചു. ആർട്ടിസ്റ്റ് കലേഷ് പൊന്നപ്പനാണ് ചിത്രം തയ്യാറാക്കിയത്.

സ്വാതി തിരുനാൾ മഹാരാജാവിനെ കുറിച്ചുള്ള ചരിത്ര പുസ്തകങ്ങൾ ഡോക്ടർ ആർ.പി രാജാ, ഉമാ മഹേശ്വരി എന്നിവർ അൽ മർസൂഖിയ്ക്ക് സമർപ്പിച്ചു . തിരുവിതാംകൂർ പൈതൃക ചരിത്ര സ്നേഹികൾ ചടങ്ങിൽ സംബന്ധിച്ചു.

തിരുവിതാംകൂർ രാജവംശ കാലയളവിലെ ചരിത്ര സ്മാരകങ്ങളും, കുതിരമാളിക കൊട്ടാരം മ്യൂസിയവും, പാളയം ജുമാമസ്ജിദും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മ്യൂസിയവും സന്ദർശിയ്ക്കുന്നതിനൊപ്പം ജനുവരി 15 -ന് രാവിലെ 10.30 am -ന് *കേരള നിയമ സഭാ സ്‌പീക്കറെയും, പ്രമുഖ വ്യക്തികളെയും സന്ദർശിച്ചശേഷം 5 ദിവസത്തെ കേരള സന്ദർശനം പൂർത്തീകരിച്ചു ജനുവരി 16 -ന് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി, ദുബായിലേക്ക് മടങ്ങുമെന്ന് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്സ് കൺസൽട്ടൻണ്ടുമായ ഡയസ് ഇടിക്കുള അറിയിച്ചു.

By Daies Idiculla
Business Consultant of HE Mohammed Abdullah Ibrahim Al Marzooki,
President, World Malayalee Council, Ajman Province
Email: daies200@gmail.com
Watts App No. 00971 506980613 (UAE)
0091 7012703085 (India)

Share
Leave a Comment