വി ഡി സതീശനെതിരെയുള്ള കോഴ ആരോപണം ഉന്നയിച്ചത് തെറ്റായി പോയി : കേരളസമൂഹത്തോട് മാപ്പ് പറയുന്നുവെന്ന് പി വി അന്‍വര്‍

പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നും പി വി അന്‍വര്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോഴ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ആവശ്യപ്പെട്ടിട്ടെന്ന് പി വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ അന്‍വര്‍ പറഞ്ഞു.

വി ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി ശശി നിര്‍ബന്ധിച്ചതു കൊണ്ടാണ്. സ്പീക്കറുടെ അറിവോടെയായിരുന്നു അത്. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് സഭയില്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment