മുംബൈ: മുംബൈ വസായിലെ അഗര്‍വാള്‍ സിറ്റിയിലെ ജ്വല്ലറിയില്‍ മോഷണം. വെള്ളിയാഴ്ച രാത്രി ആയുധധാരികളായ കവര്‍ച്ചക്കാര്‍ ജ്വല്ലറിയില്‍ മോഷണം നടത്തുകയായിരുന്നു. പ്രധാന ലോക്കറില്‍ നിന്ന് വെറും 1 മിനിറ്റും 20 സെക്കന്‍ഡും കൊണ്ട് 87ഓളം പവന്‍ സ്വര്‍ണമാണ് കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ ജ്വല്ലറിയില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Read Also: ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധർമ്മശാസ്ത്രത്തിന് എതിർപ്പ്; സമസ്ത നേതാവ്
ഇരുവരും മായങ്ക് ജ്വല്ലേഴ്സില്‍ പ്രവേശിച്ച് ഉടമയായ രത്തന്‍ലാല്‍ സിംഗ്വിയെ ആക്രമിക്കുകയും വേഗത്തില്‍ കവര്‍ച്ച നടത്തി രക്ഷപെടുകയായിരുന്നു. ഇതെല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണം, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന് 40 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മീരാ ഭയന്ദര്‍ വസായ് വിരാര്‍ കമ്മീഷണറേറ്റിലെ (എംബിവിവി) മുതിര്‍ന്ന പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. 2021 ഓഗസ്റ്റില്‍, സ്റ്റേഷന് സമീപമുള്ള തിരക്കേറിയ തെരുവില്‍ ഒരു ജ്വല്ലറി കൊള്ളയടിച്ചതിന് സമാനമാണ് ഈ കേസെന്നുമാണ് പൊലീസ് സംശയിക്കുന്നത്. അന്ന് കൊള്ളയടിക്കുക മാത്രമല്ല, കടയുടെ ഉടമ കിഷോര്‍ ജെയിനെ (48) കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
അഗര്‍വാള്‍ നഗരത്തിലെ വസായ് വെസ്റ്റിലാണ് മായങ്ക് ജ്വല്ലേഴ്സ് സ്ഥിതി ചെയ്യുന്നത്. രത്തന്‍ലാല്‍ സിങ്വി(67)യും മകന്‍ മനീഷ് സിങ്വിയും ചേര്‍ന്നാണ് ഈ കട നടത്തുന്നത്. രത്തന്‍ലാല്‍ കടയില്‍ തനിച്ചായിരുന്ന സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. ആയുധധാരികളായ രണ്ടുപേര്‍ കടയില്‍ കയറി തോക്ക് ചൂണ്ടി രത്തന്‍ലാലിനെ ലോക്കര്‍ റൂമിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 1 മിനിറ്റും 20 സെക്കന്‍ഡും കൊണ്ട് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ ഒരു ബാഗിലാക്കി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഒരു പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നു, മറ്റൊരാള്‍ മുഖംമൂടി ധരിച്ചിരുന്നു.
Leave a Comment