പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. പിന്നീട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ നിരവധി ക്രമീകരണങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തി കഴിഞ്ഞു. വെര്‍ച്വല്‍ ക്യു, സ്‌പോട്ട് ബുക്കിംഗ് എന്നിവ നിജപ്പെടുത്തിയതാണ് പ്രധാനം. സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നിലക്കലിലേക്ക് മാറ്റി കഴിഞ്ഞു. പമ്പയില്‍ നിന്ന് 800 ഓളം കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. പമ്പ ഹില്‍ ടോപ്പിലെ വാഹന പാര്‍ക്കിംഗ് ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നാളെ മുതല്‍ പതിനാലു വരെ മുക്കുഴി കാനനപാത വഴി ഭക്തര്‍ക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളില്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ടാകും. അതിനാല്‍ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Leave a Comment