തൃശൂർ: അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം നാളെ പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ. ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനം. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശത്തിന് വയ്ക്കും. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.
ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ബുധനാഴ്ച്ചയാണ് ആശുപത്രി വിട്ടത്.
അതേസമയം, ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Leave a Comment