ബയോടെക്‌നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ: 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി

ന്യൂഡൽഹി: ബയോടെക്‌നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ. 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി. ജീനോം ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജീനോമിക്‌സ് ഡാറ്റ കോൺക്ലേവിൽ ജീനോം സീക്വൻസിംഗ് ഡാറ്റ പബ്ലിഷ് ചെയ്തത്.

ബയോടെക്‌നോളജി ഗവേഷണ മേഖലയിലെ ഒരു നാഴികക്കല്ലാണ് ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റയെന്ന് മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയിൽ പ്രധാനമന്ത്രി പറഞ്ഞു. ജനിതക രോഗങ്ങളുടെയും, പകർച്ചവ്യാധികളുടെയും ചികിത്സയിൽ പുരോഗതി കൈവരിക്കാൻ ഇത് സഹായകമാകും. പുതിയ മരുന്നുകളുടെയും കൃത്യമായ മെഡിക്കൽ സാങ്കേതിക വിദ്യകളുടെയും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഡാറ്റ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനിതക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ജീനോം ഇന്ത്യ ഡാറ്റ, ഇന്ത്യൻ ബയോളജിക്കൽ ഡാറ്റാ സെൻ്ററിലെ (ഐബിഡിസി) ഗവേഷകർക്ക് ‘മാനേജ്ഡ് ആക്‌സസ്’ വഴി ലഭ്യമാകും. ഐഐടികൾ, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ), ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ (ബിആർഐസി) തുടങ്ങി 20-ലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങൾ ഈ ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ബയോടെക്‌നോളജി വകുപ്പാണ് ജീനോമിക്‌സ് ഡാറ്റ കോൺക്ലേവ് സംഘടിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്, പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ പ്രൊഫ. അജയ് കുമാർ സൂദ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറലും ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ രാജീവ് ബഹൽ, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share
Leave a Comment