കണ്ണൂർ: ബസ് അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് അടിയന്തിര ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ കണ്ണൂർ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥി പി ആകാശ് 15 മിനിറ്റോളം ചോര വാർന്നു റോഡിൽ കിടക്കേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം.
കോളജിലേക്ക് പോകുന്നതിനിടെ ആകാശ് സഞ്ചരിച്ച സ്കൂട്ടർ റോഡിൽ തെന്നി മറിയുകയും താഴെ വീണ വിദ്യാർഥിയുടെ മുകളിലൂടെ പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയുമായിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് 15 മിനിറ്റ് വൈകിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്.
ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. കാല്‍മണിക്കൂറോളം തര്‍ക്കം നീണ്ടു. ഇതിന് ശേഷമാണ് ആകാശിനെ ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം.
Leave a Comment