താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാം കോടതിയില്‍ തെളിയിക്കും: ബോബി ചെമ്മണൂര്‍

ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം കോടതിയില്‍ തെളിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പൊലീസ് സംഘം ബോബി ചെമ്മണൂരിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം ചെയ്തുവെന്നാണ് എഫ്‌ഐആറിലുള്ളത്. പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം മറ്റൊരു ചടങ്ങിൽ പങ്കെടുക്കാന്‍ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാരബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ജാങ്കോ സ്‌പെയ്‌സ് എന്ന യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.

Share
Leave a Comment