കൊച്ചി: അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ കാണുന്നതെന്നും ഫെഫ്ക അറിയിച്ചു.
‘ഹണി റോസിന് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഢ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ’, എന്നാണ് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ ഹണി റോസിന് പിന്തുണയുമായി താര സംഘടനയായ അമ്മയും വുമൺ ഇൻ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനെയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു.
ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും അമ്മ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസി പിന്തുണ പ്രഖ്യാപിച്ചത്.
Post Your Comments