ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഎം

വയനാട് ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐഎം. നാളെ വൈകിട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉള്ള മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്.

ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം നീക്കം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരെ വിളിച്ചുവരുത്തിയേക്കും. കേസില്‍ വിജിലന്‍സും അന്വേഷണം തുടരുകയാണ്. അതേസമയം കെപിസിസി പ്രസിഡണ്ട് നിയോഗിച്ച സമിതി അടുത്ത ദിവസം മുതല്‍ അന്വേഷണം തുടങ്ങും എന്നാണ് അറിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കെതിരായ ആരോപണങ്ങളിലാണ് അന്വേഷണം ഉണ്ടാവുക.

ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ പേരുകള്‍ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീര്‍ക്കാന്‍ കഴിയാത്തതിന്റെ മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്.

മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ആറ് പേരുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കുന്നതാണ് കുറിപ്പ്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പ്രശ്നം വന്നപ്പോള്‍ തന്നെ കൈയൊഴിഞ്ഞതായി കുറിപ്പില്‍ പറയുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറയന്നു.

 

Share
Leave a Comment