KeralaLatest News

മകരജ്യോതി ദർശനത്തിന് ഇനി 6നാൾ, ശരണവഴികൾ അയ്യപ്പഭക്തരാൽ നിറഞ്ഞു: തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് കുത്തനെകുറച്ചു

ശബരിമല: മകരജ്യോതി ദർശനത്തിന് ഇനി 6 ദിവസങ്ങൾ മാത്രം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും എല്ലാം തീർത്ഥാടകരാൽ നിറഞ്ഞു. ഒരു ദിവസം 90,000 തീർഥാടകർ ദർശനം നടത്തുന്നുണ്ട്. ഇന്നലെ 23,438 പേർ സ്പോട് ബുക്കിങ് വഴിയാണ് ദർശനത്തിന് എത്തിയത്. താഴെ തിരുമുറ്റം, മാളികപ്പുറം, വലിയ നടപ്പന്തൽ തുടങ്ങി എല്ലായിടവും തിരക്കാണ്. ഭക്തർക്കു മകരജ്യോതി ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

ശനിയാഴ്ച നടക്കുന്ന എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം രണ്ടാം ദിവസത്തെ യാത്ര ഇന്നു രാവിലെ 7ന് തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു. എടത്വ, നെടുമ്പ്രം, പൊടിയാടി, തിരുവല്ല, കുന്നന്താനം വഴി കവിയൂർ ക്ഷേത്രത്തിൽ എത്തി തങ്ങും. പേട്ട തുള്ളലിൽ പങ്കെടുക്കാനുള്ള ആലങ്ങാട് സംഘത്തിന്റെ 6-ാം ദിവസത്തെ രഥയാത്ര കൂത്താട്ടുകളം മഹാദേവ ക്ഷേത്രത്തിൽനിന്ന് രാവിലെ ആരംഭിച്ചു. താമരക്കാട്, അമനകര, കുറിച്ചിത്താനം വഴി വൈകിട്ട് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി തങ്ങും.

അതേസമയം, തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം നടപടികൾ പുരോഗമിക്കുകയാണ്. മകരവിളക്കിൻ്റെ ഭാ​ഗമായി സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് തിരക്ക് നിയന്ത്രിക്കാൻ ശ്രമം ആരംഭിച്ചു. പ്രധാന ദിവസങ്ങളായ ജനുവരി 13, 14 തീയതികളിലെ സ്പോട്ട് ബുക്കിങിൻ്റെ എണ്ണമാണ് കുറച്ചത്. 13ന് 5000 പേർക്കും 14ന് 1000 പേർക്കും മാത്രമെ സ്പോട്ട് ബുക്കിങ് അനുവദിക്കുകയുള്ളു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തർ സന്നിധാനത്ത് തന്നെ തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഇന്ന് ബോർഡിൻറെ അന്തിമ തീരുമാനം അറിയിക്കും.മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പൊലീസ് സംഘത്തെ നിയോ​ഗിക്കണമെന്ന ആവശ്യവും ശക്തമായി. നിലവിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് ഭക്തരുടെ ആരോപണം. പടികയറ്റം വേ​ഗത്തിലാക്കാൻ എഡിജിപി എസ്. ശ്രിജിത് നേരിട്ടെത്തി നടപടി സ്വീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.

മകരവിളക്ക് സമയത്ത് ചുമതല നൽകിയിരിക്കുന്നത് പൊലീസ് അഞ്ചാം ബാച്ചിനാണ്‌. ഇവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാതെ വന്നതാണ് പ്രശ്നങ്ങൾക്ക് എല്ലാം കാരണം. ഭക്തരെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ ആളുകൾക്ക് ശരംകുത്തി മുതൽ യു ടേൺ വരെയുള്ള ഭാ​ഗത്ത് മണിക്കൂറൂകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ക്യൂവിൽ നിന്ന് വലഞ്ഞ തീർഥാടകരും പൊലീസും തമ്മിൽ കഴിഞ്ഞ ദിവസവും തർക്കമുണ്ടായി.

 

shortlink

Related Articles

Post Your Comments


Back to top button