KeralaLatest News

കുഞ്ഞുങ്ങളല്ലേ, അവര്‍ വര്‍ത്തമാനം പറയും ചിലപ്പോള്‍ പുകവലിക്കും : യു പ്രതിഭയുടെ മകനെ ന്യായീകരിച്ച് സജി ചെറിയാൻ

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്

ആലപ്പുഴ: കായംകുളം എംഎല്‍എയുടെ മകനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. കഞ്ചാവ് വലിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയതിനെതിരേയാണ് മന്ത്രി രംഗത്ത് വന്നത്. സംഭവത്തില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വായിച്ചുവെന്നും അതില്‍ മോശപ്പെട്ട കാര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പുകവലിക്കുന്നത് മഹാ അപരാധമാണോ , ഞാനും പുകവലിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. പുക വലിച്ചെന്ന് എഫ്‌ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ, അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുകവലിക്കും അതിനെന്താണ് തെറ്റ്. വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കില്‍ തെറ്റാണ്.

പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ, ആ പരിഗണന കൊടുക്കണ്ടേ, അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ സ്വഭാവികമായി പറയുമെന്നും മന്ത്രി പറഞ്ഞു.

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. വാർത്ത പുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു.

വ്യാജവാർത്തയെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാൽ, എംഎൽഎയുടെ വാദം തള്ളുന്നതാണ് എഫ്ഐആ‌റിലെ വിവരങ്ങൾ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർ‍ക്കെതിരെ കേസെടുത്തത്.

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button