കോഴിക്കോട്: ക്രിസ്മസ് പരിക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകർക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. നേരത്തെയും അദ്ധ്യാപകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ അദ്ധ്യാപകർ ആരും തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കടുത്ത തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. എംഎസ് സൊല്യൂഷൻസിലെ സിഇഒ ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. ഷുഹൈബ് അന്യസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടെന്നാണ് അന്വേഷണം സംഘത്തിന് ലഭിക്കുന്ന വിവരം.
എം എസ് സൊല്യൂഷൻസിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ എം എസ് സൊല്യൂഷന് ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
തുടർന്നാണ് സ്ഥാപനത്തിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചത്. അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കേസിലെ ഇവരുടെ പങ്ക് കണ്ടെത്താനാവൂ.
Post Your Comments