ഹൈദരാബാദ് : വനിതാ പോലീസ് കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് എസ്ഐയെ കാണാനില്ല. തെലങ്കാനയില്‍ ഉണ്ടായ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
തെലങ്കാന ബിബിപേട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ സായി കുമാറിനെ ആണ് കാണാതായത്.
കമറെഡ്ഡി ജില്ലയിലെ അഡ്ലൂര്‍ എല്ലാറെഡ്ഡി തടാകത്തിലാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കാണാതായ എസ്ഐക്കായി തെരച്ചില്‍ ആരംഭിച്ചു. എസ്ഐയുടെയും മരിച്ച രണ്ടുപേരുടേയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്ന് കണ്ടെത്തി.
എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.
കാണാതായ എസ്ഐയും ഇതേ തടാകത്തില്‍ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.
എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ തടാകത്തില്‍ തുടരുകയാണ്. സംഭവത്തില്‍ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments