KeralaLatest News

കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി : ബാങ്കിന് മുന്നിൽ പ്രതിഷേധം

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല

ഇടുക്കി : കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് ആത്മഹത്യ.

തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബാങ്കിന് പിന്നിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബാങ്കിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല.

ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു.

ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാബുവിന്‍റെ ഭാര്യ. രാവിലെ വീട്ടിൽ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്. പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. സാബുവിന്‍റെ പാന്‍റസിന്‍റെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button