കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.വ്യാഴാഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഹാജരാവേണ്ടത്.
ഡിസംബര്‍ അഞ്ചിന് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എന്‍ പ്രകാശാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്. പൊതുവഴികള്‍ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുന്‍ ഉത്തരവുകള്‍ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്‌നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തില്‍ പങ്കെടുത്തത് എന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നു വ്യക്തമാക്കിയാണ് എസ്എച്ച്ഒയോട് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.
മുമ്പ് സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് ഹർജി പരിഗണിച്ച കോടതി പറഞ്ഞു. ആരാണ് യോഗം നടത്തിയത്, ആരൊക്കെ പങ്കെടുത്തു, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Leave a Comment