അനധികൃത സ്വത്ത് സമ്പാദനം : എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തു

ആഡംബര വീട് നിര്‍മാണത്തിലെ സാമ്പത്തിക ഉറവിടം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തേടി

കൊച്ചി : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ആഡംബര വീട് നിര്‍മാണത്തിലെ സാമ്പത്തിക ഉറവിടം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തേടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ കൈമാറിയേക്കും. പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.

ബിനാമി പേരില്‍ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാന്‍ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ ഡി ജി പി നേരിടുന്നത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്.

ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിറകെ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Share
Leave a Comment