Kerala

മംഗലപുരത്തെ സിപിഎം വിഭാഗീയത : മധു മുല്ലശ്ശേരിയെ പുറത്താക്കാനൊരുങ്ങി പാർട്ടി : പ്രസ്താവനകളിൽ ഉറച്ചു നിൽക്കുന്നതായി മധു

എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു

തിരുവനന്തപുരം : ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.

ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി ജോയി നടത്തിവരുന്നതെന്നും മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഇതേതുടര്‍ന്ന് ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് വി ജോയ് പറഞ്ഞു. സിപിഎമ്മിന് അതിന്റെതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും വി ജോയ് വ്യക്തമാക്കിയിരുന്നു.

എന്നാൽ എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. ഈ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വി ജോയ് ജില്ലാ സെക്രട്ടറി ആയതുമുതല്‍ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button