തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി അഞ്ചുപേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരെയാണ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാകുന്ന സമയത്ത് ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലാണ് ലോറി ഓടിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇയാൾക്ക് ലൈസൻസുമില്ല.
ഇന്നു പുലർച്ചെ നാലുമണിയോടെയാണ് നാട്ടിക ജെ.കെ. തിയറ്ററിനടുത്ത് ദേശീയ പാതയുടെ സമീപം കിടന്നുറങ്ങുകയായിരുന്ന നാടോടികളുടെ മേൽ ലോറി പാഞ്ഞുകയറിയത്. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ തൽക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചു. ബാരിക്കേഡ് തകർത്തുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ ലോറി തടഞ്ഞുനിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Leave a Comment