വയനാട്ടുകാരിയായി ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചു : ഒപ്പം നിന്നവർക്ക് അകമഴിഞ്ഞ നന്ദിയറിച്ച് നവ്യ ഹരിദാസ്

രാഷ്‌ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്കുമുള്ള നന്ദി തൻ്റെ നവമാധ്യമത്തിലൂടെയാണ് അവർ അറിയിച്ചത്

കൽപ്പറ്റ: വയനാട്ടിലെ പ്രിയപ്പെട്ട ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ്. രാഷ്‌ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്കുമുള്ള നന്ദി തൻ്റെ നവമാധ്യമത്തിലൂടെയാണ് അവർ അറിയിച്ചത്.

‘വിജയം അന്തിമമല്ല.. പരാജയം മാരകമല്ല.. അത് തുടരാനുള്ള ധൈര്യമാണ്’ എന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ കടമെടുത്താൽ അതായിരിക്കും യാഥാർത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ഹരിദാസിന്റെ വാക്കുകൾ തുടങ്ങിയത്. പേരുകേട്ട എതിരാളികളെ പരാജയപ്പെടുത്താൻ ഇറങ്ങുമ്പോൾ നേതൃത്വം എന്നിലർപ്പിച്ച വിശ്വാസം, അത് കൈവിടാതെ, വയനാട്ടുകാരിയായി ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് അവർ കുറിച്ചു.

നല്ല മത്സരം കാഴ്ചവെച്ചുവെന്ന് മുതിർന്ന നേതാക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും അഭിപ്രായം പങ്കിടുമ്പോൾ.. അതിയായ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറയുന്നു. കഴിഞ്ഞ തവണ രാഹുലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 13 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 12 ശതമാനം വോട്ടുകൾ നിലനിർത്താൻ സാധിച്ചു. ഒരു ശതമാനം വോട്ടുകൾ മാത്രമാണ് കുറഞ്ഞത്. വികസനത്തിന്റെ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൻഡിഎ മുന്നോട്ടുവെച്ചതെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.

അതേ സമയം നവ്യയുടെ സ്ഥാനർത്ഥിത്വം ദേശീയതലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാടിനോട് കോൺഗ്രസ് പാർട്ടിയും രാഹുലും കാണിച്ച അവഗണനകൾ തുറന്നു കാട്ടിയാണ് നവ്യ തെരഞ്ഞെടുപ്പ് ഗോദയിൽ നിറഞ്ഞ് നിന്നിരുന്നത്.

മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കൂടിയായ നവ്യ ഹരിദാസ്. തുടർച്ചയായ രണ്ടാം തവണയാണ് കോർപ്പറേഷനിൽ വിജയിക്കുന്നത്.

Share
Leave a Comment