തിരുവനന്തപുരം: സൂപ്പർ താരം മെസിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്മാൻ.
അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ രണ്ട് മത്സരങ്ങളാകും സംഘടിപ്പിക്കുക. എതിർ ടീം വിദേശ ടീമാവാനാണ് സാധ്യത. മൽസര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം അർജൻ്റീനിയൻ ടീമിനെ കേരളത്തിലെത്തിക്കാൻ നൂറു കോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും.
കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക. സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Leave a Comment