കൊച്ചി : വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി കീഴടങ്ങി. 75 കാരനായ കെ ശിവപ്രസാദാണ് സൗത്ത് എസിപി ഓഫിസിലെത്തി കീഴടങ്ങിയത്.
വൈറ്റിലയിലെ വീട്ടില്‍ നടന്ന പീഡന കേസിലാണ് കീഴടങ്ങൽ. 22കാരിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്കി പീഡിപ്പിച്ചെന്ന കേസില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 26 ദിവസമായി പ്രതി ഒളിവിലായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം പോലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒക്ടോബർ 15നാണ് ഒഡീഷക്കാരിയായ യുവതി പീഡനത്തിനിരയായത്. രണ്ടുദിവസത്തിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സന്നദ്ധ പ്രവർത്തകർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നു എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചത്.
Post Your Comments