സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം

തിരുവല്ലയില്‍നിന്നും 12 കി.മീ. മാറി പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിലാണ്‌ ചക്കുളത്ത് കാവ് ശ്രീ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യന്നത്.
ഐതീഹ്യം
————-
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങള്‍മാത്രം വിഹരിച്ചിരുന്ന ഘോരവനമായിരുന്നു. ഈ വനത്തോടുചേര്‍ന്ന്‌ ഒരു വേടനും കുടുംബവും താമസിച്ചിരുന്നു. വനത്തില്‍നിന്നും കിട്ടുന്ന കായ്കനികളും, വിറകും ഒക്കെ ശേഖരിച്ചാണ്‌ അവര്‍ കഴിഞ്ഞുപോന്നിരുന്നത്‌. ആയുധംകൊണ്ടു ആഞ്ഞുവെട്ടി. മുറിവേറ്റ സര്‍പ്പത്തിനെ വെറുതേവിടുന്നതു അപകടം വരുത്തിവയ്ക്കുമെന്നുകരുതി വേടന്‍ അതിനുപിന്നാലെ പാഞ്ഞു. ഏറെദൂരംചെന്ന വേടന്‌ സര്‍പ്പത്തിനെ കുളക്കരയിലെ പുറ്റിനുമുകളില്‍ കാണുവാന്‍ സാധിച്ചു.

കണ്ടപാടെ വേടന്‍ തന്റെ കയ്യിലിരുന്ന മഴുകൊണ്ട്‌ സര്‍പ്പത്തിനെവീണ്ടും വെട്ടി. പക്ഷെ ഇത്തവണ പുറ്റുപൊട്ടി ജലപ്രവാഹമാണ്‌ അവിടെ ഉണ്ടായത്‌. എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനിന്ന വേടന്റെ മുന്നില്‍ ഒരു സന്യാസിപെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേസമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന്‌ പാലും തേനും കലര്‍ന്ന നിറംവരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന്‌ സന്യാസി അവരോട്‌ പറഞ്ഞു. പുറ്റിനകത്ത്‌ പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ്പൊളിച്ച്‌ നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട്‌ പറഞ്ഞു.

അതിനെ വനദുര്‍ഗ്ഗയെന്ന്‌ സങ്കല്‍പിച്ച്‌ ആരാധിച്ചാല്‍ സര്‍വ്വൈശ്യര്യങ്ങളും ഉണ്ടാകുമെന്ന്‌ പറഞ്ഞ്‌ പുറ്റുടച്ച്‌ സന്യാസി വിഗ്രഹം പുറത്തെടുത്തു.അതോടെ സന്യാസി അപ്രത്യക്ഷനുമായി. അന്നുരാത്രിയില്‍ ഉറങ്ങുകയായിരുന്ന വേടന്‌ കാട്ടില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത്‌ സാക്ഷാല്‍ നാരദമുനിയാണെന്നുള്ള സ്വപ്നദര്‍ശനമാണ്‌ ഉണ്ടായത്‌. സന്യാസി എടുത്തുകൊടുത്ത ആ വിഗ്രഹമാണ്‌ ചക്കുളത്തുകാവില്‍ കുടികൊള്ളുന്നതെന്നാണ്‌ ഐതീഹ്യം
ചരിത്രം
———
ആദിപരാശക്തി കുടികൊള്ളുന്ന ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ എല്ലാ ജാതി മതസ്ഥർക്കും പ്രവേശിക്കാം. അയിത്തം കൊടുകുത്തിവാണിരുന്ന കാലത്തും ഈ ക്ഷേത്രത്തിൽ ജാതിക്കോ മതത്തിനോ സ്ഥാനം ഇല്ലായിരുന്നു. ചക്കുളത്തുകാവിലെ
മൂലവിഗ്രഹത്തിനു കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എല്ലാ മക്കളും അമ്മയ്ക്ക് പ്രിയപ്പെട്ടവരും തുല്യരുമാണ്. അതുകൊണ്ടുതന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ധാരാളമായി ക്ഷേത്രത്തിൽ ദർശനം നടത്തി നേർച്ചക്കാഴ്ചകൾ സമർപ്പിച്ചുവരുന്നു.

ചക്കുളത്തുകാവിന്റെ പണ്ടത്തെ അവസ്ഥ ഭയാനകമാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഘോരസർപ്പങ്ങൾ നിറഞ്ഞ വനമായിരുന്നു. വൻമരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങിനിറഞ്ഞ വനത്തിലേക്ക് സൂര്യരശ്മികൾ പോലും എത്തിനോക്കാൻ മടിച്ചു. നട്ടുച്ചയ്ക്കുപോലും ചെകിടടപ്പിക്കുന്ന ശബ്ദവും നരിച്ചീറിന്റെ ചിറകടിയുമൊക്കെ അന്തരീക്ഷത്തെ ഭയാനകമാക്കി. അതുകൊണ്ടുതന്നെ ആരും ഇവിടേക്ക് പ്രവേശിച്ചിരുന്നില്ല.അത്ര വലിയ കാവായിരുന്നു ഇത്.

ഇന്നത്തെ പട്ടമനയില്ലത്തു കുടുംബക്കാർ കുളം നികത്തി ക്ഷേത്രം പണിതു. വർഷങ്ങൾക്കു മുമ്പ് നാരദമുനിയാൽ പ്രതിഷ്ഠിക്കപ്പെട്ടശിവലിംഗ മാതൃകയിലുള്ള വിഗ്രഹം ദേവവിധിപ്രകാരം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. പട്ടമനയില്ലത്തു കുടുംബം ഇപ്പോഴും അമ്പലത്തിനടുത്തു താമസിക്കുന്നുണ്ട്. ദാമോദരൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മുഖ്യപുരോഹിതൻ. അദ്ദേഹത്തിന്റെ ശൈശവകാല അനുഭവം ചക്കുളത്തുകാവിലമ്മയുടെ വാത്സല്യം പ്രതിഫലിക്കുന്നതാണ്.

പൊങ്കാല
പൊങ്കാല, കാര്‍ത്തികസ്തംഭം കത്തിക്കല്‍, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ക്ഷേത്രച്ചടങ്ങുകള്‍ ഒരു പക്ഷേ ഈ ക്ഷേത്രത്തില്‍ മാത്രം കണ്ടുവരുന്ന ചടങ്ങുകളാണ്‌. പൊങ്കാല സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലെ പൊങ്കാല ലോകപ്രശസ്തമാണ്‌. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളിലാണ്‌ ഇവിടുത്തെ പൊങ്കാല.

ഭക്തര്‍ അമ്മയ്ക്ക്‌ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ്‌ വിശ്വാസം. ജീവിതഭദ്രതയ്ക്കും ഐശ്വര്യം, സമാധാനം, ധനാഗമം, ഇഷ്ടകാര്യലബ്ധി എന്നിവയെ ഉദ്ദേശിച്ചാണ് സ്ത്രീജനങ്ങൾ പൊങ്കാലയ്ക്ക് തയ്യാറാകുന്നത്. ഓരോ വര്‍ഷം ചെല്ലുന്തോറും പൊങ്കാല ഇടുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. പൊങ്കാല അടുപ്പുകള്‍ ക്ഷേത്രാതിര്‍ത്തിവിട്ട്‌ കിലോമീറ്ററുകള്‍ ദൂരേയ്ക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നു. കാര്‍ത്തികസ്തംഭം കത്തിക്കല്‍ അധര്‍മ്മത്തിന്റെ ഭൗതികപ്രതീകമാണ്‌ കാര്‍ത്തികസ്തംഭം.

ഇത്‌ കത്തിച്ച്‌ ചാമ്പലാക്കുന്നചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ്‌ വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ്‌ ഈ ചടങ്ങ്‌ നടക്കുന്നത്‌. പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക്‌ ചാര്‍ത്തിയ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെ സര്‍വ്വതിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക്‌ മുമ്പായി ഇത്‌ കത്തിക്കും. നാടിന്റെ സര്‍വ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ്‌ വിശ്വാസം.

നാരീ പൂജ
നാരീപൂജ സ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ രമിക്കുന്നുവെന്ന സങ്കല്‍പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്‍പവുമാണ്‌ ഇത്തരമൊരു പൂജയുടെ പിന്നിലുള്ളത്‌. ഒരുപക്ഷേ ലോകത്തുതന്നെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ ഈ സ്ത്രീപൂജ. അന്നേദിവസം ഒരു പൂജ്യയായ ഒരു സ്ത്രീയെ അതിഥിയായി ക്ഷണിച്ച്‌ അലങ്കൃതപീഠത്തില്‍ ഇരുത്തി നാരീപൂജ നടത്താറുണ്ട്‌.

ദിവ്യ ഔഷധം
എല്ലാ വെള്ളിയാഴ്ചകളിലും ചക്കുളത്തമ്മയുടെ തിരുസന്നിധിയിൽ വെച്ച് മരുന്നുവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നു. അനേകം പച്ചമരുന്നുകൾ കലർത്തി തയ്യാറാക്കി അമ്മയ്ക്ക് നിവേദ്യം സമർപ്പിച്ച് ഔഷധപൂജ നടത്തിയെടുക്കുന്ന ഈ മരുന്നു വെള്ളം രക്തശുദ്ധി ഉണ്ടാകുന്നതിനും കൈവിഷങ്ങൾ മാറുന്നതിനും വിദ്യവർദ്ധിക്കുന്നതിനും ചൊറി ചിരങ്ങ് ഇവ മാറുന്നതിനും വികല്പഭ്രമങ്ങൾ, തലവേദന, മന്ദത, ഉദരരോഗങ്ങൾ തുടങ്ങിതീരാവ്യാധികൾ പോലും മാറുന്നതിനും ഈ മരുന്നുവെള്ളം ഉത്തമമായി കരുതുന്നു. ജാതിമതഭേദമില്ലാതെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും അനേകം പേർ ഈ മരുന്നുവെള്ളം കുടിക്കാൻ ഇവിടെ എത്തിച്ചേരുന്നു.

Share
Leave a Comment