സൌരാഷ്ട്രത്തിലൂടെ.… അദ്ധ്യായം 10. പ്രഭാസ് തീര്‍ത്ഥം, ത്രിവേണീസംഗമം

ജ്യോതിര്‍മയി ശങ്കരന്‍ 

പുണ്യനദികളായ കപിലയും ഹിരണും അദൃശ്യയാ‍യ സരസ്വതിയും ഒന്നു ചേരുന്ന ത്രിവേണീ സംഗമസ്ഥാനമാ‍ണ് പ്രഭാസം അല്ലെങ്കില്‍ സോമനാഥം. ഇവിടെ ഈ മൂന്നു പുണ്യ നദികളും കടലിൽ ലയിച്ചു ചേരുന്നയിടമാണ്. ഹിരണും കപിലയും രണ്ടുഭാഗത്തു നിന്നായും സരസ്വതി ഭൂമിയ്ക്കടിയിൽ നിന്നുമായും ഇവിടെ ഒത്തു ചേരുന്നു. ഇവിടെ മുങ്ങിക്കുളിച്ച് തപം ചെയ്ത് നഷ്ടപ്പെട്ടുപോയ തന്റെ ശോഭ വീണ്ടെടുക്കാനാണ് ചന്ദ്രഭഗവാനെത്തിച്ചേര്‍ന്നത്. ഇതിന്റെ ഫലമായാണിന്ന് ചന്ദ്രന് ശോഭ കൂടിക്കൊണ്ടും കുറഞ്ഞു കൊണ്ടും വരുന്ന ശുക്ല- ശ്യാമ പക്ഷങ്ങളുണ്ടായത്. എത്ര സുന്ദരമായ സങ്കല്‍പ്പം!

ഞങ്ങള്‍ റിക്ഷയില്‍ നിന്നുമിറങ്ങി പ്രഭാ‍സതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യാനായി ഗേറ്റിനകത്തേയ്ക്കു കടക്കുമ്പോഴേയ്ക്കും അനവധി പാണ്ഡമാരെക്കാണാനായി. ഹിരൺ- കപില- സരസ്വതി ത്രിവേണീ സംഗമം എന്ന് ഗേറ്റിനു മുകളിലായി എഴുതിയിരിയ്ക്കുന്നു.ഒട്ടനവധി ഘാട്ടുകൾ ഇവിടെയുണ്ട്. എന്തൊക്കെയോ പുസ്തകങ്ങള്‍ നോക്കി പാണ്ഡമാർ പലര്‍ക്കും ചെയ്യേണ്ട കർമ്മങ്ങൾ പറഞ്ഞു കൊടുക്കുന്നതു കണ്ടു. പലരും അവിടെയിരുന്ന് എന്തെല്ലാമോ ഗ്രന്ഥങ്ങള്‍ വായിയ്ക്കുന്നുമുണ്ട്. അവരെ ശ്രദ്ധിയ്ക്കാത്തവിധം മുന്നോട്ടു നടന്നപ്പോള്‍ പ്രഭാസതീര്‍ത്ഥത്തിലേയ്ക്കിറങ്ങാനുള്ള പടവുകള്‍ കണ്ടു.

ആഴം കുറഞ്ഞ, അഴുക്കുള്ള വെള്ളത്തില്‍ കുളിയ്ക്കാ‍നാവില്ല, തീർച്ച.ഞങ്ങളുടെ ഗൈഡ് ആദ്യമേ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഇത്രയും ശോചനീയമായ സ്ഥിതിയാകുമെന്നറിഞ്ഞിരുന്നില്ല. കാലടികൾ നനയാനുള്ള വെള്ളമേ ചിലയിടത്തുള്ളൂ എങ്കിലും മുന്നോട്ടുപോയാല്‍ അല്‍പ്പം കൂടി ആഴമുണ്ട്. അവിടെ വെള്ളവും അല്‍പ്പം തെളിഞ്ഞതാ‍ണ്. പലരും അവിടെപ്പോയി കുളിയ്ക്കുന്നുണ്ട്. കുറ്ച്ചുമുന്നോട്ടു പോയി തെളിഞ്ഞ വെള്ളം കൈകളിലെടുത്ത്, തലയിലും ദേഹത്തും തളിച്ച് ദേഹശുദ്ധിവരുത്തി,മഹാദേവനെ പ്രാര്‍ത്ഥിച്ചു.ഇതുപോലെ ചന്ദ്രദേവനും ഇവിടെ നിന്നു പ്രാർത്ഥിച്ചു കാണണം, ശാപമോക്ഷത്തിനായി, മനസ്സിലോർത്തു. പുരാണങ്ങളുറങ്ങുന്ന ഭൂവിഭാഗങ്ങൾ എന്നും നമ്മെ കുളിരണിയിയ്ക്കുന്നു.

മനസ്സിൽ അറിയാതെ വർണ്ണ ചിത്രങ്ങൾ വിരചിയ്ക്കപ്പെടുന്നു. മീനുകള്‍ കാലടികളെ ഇക്കിളിയിടാൻ തുടങ്ങിയപ്പോൾ വഴുക്കുന്ന പടവുകളിലൂടെ മുകളില്‍ കയറി. കുറെ നേരം ജലത്തിൽ നോക്കി നിന്നു. ആരോ വലിച്ചെറിഞ്ഞ പട്ടിൽപ്പൊതിഞ്ഞ മൺകുടങ്ങളും പൂക്കളും മാലകളുമെല്ലാം വെള്ളത്തിൽ പൊങ്ങിയും താഴ്ന്നും നൃത്തം ചെയ്യുന്നതു കാണാനായി, മോക്ഷം തേടുന്ന ആത്മാക്കളുടെ പ്രതീകങ്ങളെന്നവണ്ണം.

അൽപ്പം ഉയര്‍ത്തിലായി തയ്യാ‍റാക്കിയ സ്ഥാനത്തു നിന്നാല്‍ നദികളുടെ സംഗമം വ്യക്തമായി കാണാം.മോക്ഷതീര്‍ത്ഥമാണിത്. സരസ്വതിയും കപിലയും ഹിരണും ജനനം, ജീവിതം, മരണം എന്നീ മൂന്നു സ്ഥിതികളെയാണ് പ്രതിനിധാനം ചെയ്യുന്നത്രേ! ഇവയെല്ലാം തന്നെ അവസാനം ഭഗവാനാകുന്ന സമുദ്രത്തിൽ ലയിയ്ക്കപ്പെടുകയും ചെയ്യുന്നു. രണ്ടു നിറത്തിലെ ജലം രണ്ടു നദികളില്‍നിന്നുമായി ഒഴുകിയെത്തി ഒന്നായിമാറുന്ന കാഴ്ച്ച വ്യക്തമായി ഇവിടെ കാണാനാകുന്നു. ഇടതു ഭാഗത്തുനിന്നു കപിലയും വലതുഭാഗത്തു നിന്ന് ഹിരണും ഭൂമിയ്ക്കടിയില്‍ നിന്നും അദൃശ്യയായി സരസ്വതിയും ഒന്നിച്ചുകൂടുന്ന കാഴ്ച്ച അവിസ്മരണീയം തന്നെ.സരസ്വതി എവിടെയും അദൃശ്യയാണല്ലോ. മുന്‍പു കണ്ടിട്ടുള്ള രണ്ടു മൂന്നു ത്രിവേണീ സംഗമങ്ങള്‍- മൈസൂരിലും , റൂര്‍ക്കേലയിലും മറ്റൊന്ന് കന്യാകുമാരിയിലും- മനസ്സില്‍ ഓര്‍മ്മ വന്നു. അലഹാബാദിലെ ത്രിവേണീ സംഗമവും പ്രസിദ്ധമാണല്ലോ.

പുരാണങ്ങളിൽ പ്രഭാസത്തിനെപ്പറ്റി ഒട്ടേറെ പറയുന്നുണ്ട്.പലപേരുകളിലായി ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. അതുപോലെത്തന്നെ ചരിത്രാതീതകാലങ്ങളിൽ ഇവിടെക്കുടിയേറിപ്പാർത്ത ചന്ദ്രവംശികളായ അനാര്യരെക്കുറിച്ചും സൂര്യവംശികളായ ആര്യന്മാരെക്കുറിച്ചും ആർക്കിയോളജിക്കൽ ഖനനങ്ങളിലൂടെ പലതും കണ്ടെത്താനായിട്ടുണ്ട്. പക്ഷേ പ്രഭാസം നമ്മുടെയൊക്കെ മനസ്സിൽത്തങ്ങി നിൽക്കാൻ ഇതിലെല്ലാമുപരിയായുള്ള യാദവ-പാണ്ഡവ സെറ്റിൽമെന്റ് എന്ന നിലയിലാവാം. ഭഗവാൻ കൃഷ്ണന്റെയും ബലരാമരുടെയും കാലടിപ്പാടുകൾ പതിഞ്ഞ പുണ്യഭൂവായേ നമുക്കിവിടത്തെ സങ്കൽപ്പിയ്ക്കാനാകൂ.

പ്രഭാസം എന്നാൽ പ്രഭ അഥവാ വെളിച്ചം നല്ല പോലെ ഉള്ള സ്ഥലം.“എന്റെ ശാപത്തിൽ നിന്നും നിന്നെ രക്ഷിയ്ക്കാൻ ഈ ലോകത്താർക്കും കഴിയി“ല്ലെന്ന ദക്ഷന്റെ ശാപത്തിൽ നിന്നും മോചനം കിട്ടാൻ ഏറ്റവും ശോഭയുള്ള സ്ഥലമായ പ്രഭാസിൽ എത്തിച്ചേരാനും ത്രിവേണീ തീർത്ഥത്തിൽ കുളിച്ച് തപം ചെയ്ത് ശങ്കരഭഗവാനെ പ്രസാദിപ്പിയ്ക്കാനും ബ്രഹ്മദേവൻ അതു കൊണ്ടു തന്നെയാവാം ചന്ദ്രഭഗവാനോടുപദേശിച്ചത്.

വൃത്താസുരനെ കൊല്ലാനായി തന്റെ എല്ല് ദാനം ചെയ്ത ദധീചി മഹർഷിയെ ഓർക്കുന്നുണ്ടല്ലോ . അദ്ദേഹത്തിന്റെ മകൻ പിപ്പ്ലാദനെക്കുറിച്ചുള്ള ഒരു വിചിത്രമായ കഥയും കേൾക്കാനിടയായി. ദധീചിമഹർഷിയുടെ നട്ടെല്ലുകൊണ്ടുണ്ടാക്കിയ വജ്രായുധത്തിനാൽ വൃത്താസുരൻ കൊല്ലപ്പെടുമ്പോൾ പൂർണ്ണഗർഭിണിയായ മുനി പത്നിയായ സ്വർച്ഛ ഒരു കല്ലുകൊണ്ട് തന്റെ വയർകുത്തിക്കീറി വയറ്റിലെ ശിശുവിലെ ഒരു പിപ്പല(ആൽ) വൃക്ഷത്തിനു കീഴിൽ കിടത്തി .സ്വർച്ഛ മരണമടഞ്ഞതിനാൽ ദധീചിയുടെ സഹോദരി വളർത്തിയ പിപ്പ് ളാദൻ തന്റെ മാതാപിതാക്കളുടെ കഥയറിഞ്ഞ് അത്യന്തം കോപിഷ്ഠനാകുകയും ഘോര തപം ചെയ്ത് അഗ്നിഭഗവാനെ പ്രീണിപ്പിച്ച് ദേവന്മാരെയെല്ലാം കൊല്ലാൻ കഴിവുള്ള, സമുദ്രത്തെപ്പോലും വറ്റിയ്ക്കാനാകുന്ന ശക്തിയുള്ള വടവാനിലൻ(ബഡവാനിലൻ, ബഡവാഗ്നി) എന്ന അസുരന്റെ പ്രീതി നേടുകയും ചെയ്യുന്നു.

ദേവന്മാരെ കൊല്ലാനാഞ്ഞപ്പോൾ ഒരു ദിവസം ഒരു ദേവനെ മാത്രം കൊല്ലണമെന്നും ആദ്യം വരുണനെ കൊല്ലണമെന്നും ഭഗവാൻ പറയുന്നു. ഇതിനായി വടവാനിലനെ ഭൂമിയിലെത്തിയ്ക്കാൻ സരസ്വതിയോടപേക്ഷിച്ചപ്പോൾ സരസ്വതി അങ്ങനെ ചെയ്തതിൽ സന്തോഷിച്ചു ഒരു വരം ആവശ്യപ്പെടാൻ പറയുന്നു. ഒരു സൂചിക്കുഴയോളം ചെറിയ വായകൊണ്ട് സമുദ്രം വറ്റിയ്ക്കാൻ സരസ്വതി ആവശ്യപ്പെടുകയും വടവാനിലൻ ഇന്നും സമുദ്രം വറ്റിയ്ക്കാനും വരുണനെ കൊല്ലാനുമുള്ള ശ്രമം തുടരുകയും ചെയ്യുന്നു. അതിനാൽ സമുദ്രജലം ഇന്നും ചൂടുള്ളതായിത്തീരുന്നു. മഴക്കാലമെത്തുമ്പോൾ സമുദ്രത്തിലും തീരത്തും നീലനിറത്തിൽ വന്നുവീഴുന്ന വെള്ളത്തുള്ളികൾ ശരീരത്തുവീണാൽ കനൽ പോലെ പൊള്ളുന്നവയാണത്രേ! വടവാനിലന്റെ/ബഡവാഗ്നിയുടെ കഥ സത്യം തന്നെയോ?

 

Share
Leave a Comment