തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്നു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയെന്നും അറിയിപ്പുണ്ട്.
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Post Your Comments