Latest NewsKeralaNews

വയനാട് ദുരന്തം:359 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനു ചെലവായത് 27675000 രൂപ,ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു 75,000 രൂപ

കൊച്ചി: വയനാട് ദുരന്തത്തില്‍ മരിച്ച 359 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകളാണിത്. ഓഗസ്റ്റ് 17നാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Read Also: കെജ്രിവാളിന്റെ തീരുമാനം അംഗീകരിച്ച് എഎപി, രാജി നാളെ

ആകെ 1555 വീടുകള്‍ പൂര്‍ണമായും 452 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം തകര്‍ന്ന വകയില്‍ വലിയ നഷ്ടമുണ്ടായി. 2500 രൂപ വീതം വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാന്‍ നല്‍കുന്ന വകയില്‍ ചെലവായത് ആകെ 11 കോടി രൂപയാണ്. ദുരന്തത്തിനുശേഷം അടുത്ത 90 ദിവസത്തേക്കു ദുരിതബാധിതര്‍ക്കു ദിവസം 300 രൂപ കണക്കില്‍ ആകെ നല്‍കുന്നത് 5.42 കോടി രൂപ.

സൈനികരുടെയും വൊളന്റിയര്‍മാരുടെയും യാത്രാച്ചെലവ് ഇനത്തില്‍ നാലു കോടി രൂപ, ഇവര്‍ക്കുള്ള ഭക്ഷണം, വെള്ളം ചെലവ് ഇനത്തില്‍ 10 കോടി രൂപ, ഇവരുടെ താമസച്ചെലവ് 15 കോടി രൂപ, ഇവര്‍ക്കുള്ള വൈദ്യസഹായത്തിന് 2.02 കോടി രൂപ, ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് 12 കോടി രൂപ, ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിന് ഒരു കോടി രൂപ, ടോര്‍ച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകള്‍ തുടങ്ങിയവ വാങ്ങിയതിന് 2.98 കോടി രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളില്‍നിന്ന് അകലെയായതിനാലാണു ചെലവു കുത്തനെ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തത്തില്‍ അകപ്പെട്ടവരുടെ തിരച്ചിലിനും രക്ഷപെടുത്തുന്നതിനുമായി 150 യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഐബിഒഡി, ഡ്രോണ്‍, റഡാറുകള്‍ തുടങ്ങിയവയ്ക്ക് മൂന്നു കോടി രൂപ, ജെസിബി, ഹിറ്റാച്ചി, ക്രെയിനുകള്‍ എന്നിവയ്ക്ക് 15 കോടി രൂപ, മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്ക് മൂന്നു കോടി രൂപ എന്നിങ്ങനെയാണു ചെലവ്.

ക്യാംപിലുള്ളവര്‍ക്കു ഭക്ഷണ ഇനത്തില്‍ എട്ടു കോടി രൂപ, വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റര്‍ ഏഴു കോടി രൂപ എന്നിങ്ങനെയാണു ചെലവ്. സൈനികര്‍, ദുരിതബാധിതര്‍, മൃതദേഹങ്ങള്‍, വിഐപികളുടെ സന്ദര്‍ശനം എന്നിവയ്ക്കായി വ്യോമസേനയ്ക്ക് 17 കോടി രൂപ, ദുരന്ത മേഖലയില്‍ അകപ്പെട്ട വീടുകളില്‍ ഒരു മാസത്തേക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് മൂന്നു കോടി രൂപ, ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനു ദിവസം 60 ലക്ഷം രൂപ വീതം രണ്ടു മാസത്തേക്ക് 36 കോടി രൂപയാണു ചെലവു വരിക. വെള്ളക്കെട്ടുകള്‍ നീക്കുന്നതിനു മൂന്നു കോടി രൂപയും ചെലവുണ്ട്.

കാര്‍ഷികഭൂമിയില്‍ നിന്നു ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് ഹെക്ടറിന് 18,000 രൂപ കണക്കില്‍ ആകെ ചെലവ് 64.62 ലക്ഷം രൂപ, കാര്‍ഷിക ഭൂമി നഷ്ടമായവര്‍ക്ക് ഹെക്ടറിന് 47,000 രൂപ കണക്കില്‍ ആകെ 47 ലക്ഷം രൂപ, പ്രദേശത്ത് ഏലം, കാപ്പി കാര്‍ഷകര്‍ക്ക് 80.77 ലക്ഷം രൂപ, മറ്റുവിളകള്‍ നശിച്ചു പോയവര്‍ക്ക് 6.30 ലക്ഷം രൂപ, പശുക്കളെ നഷ്ടമായവര്‍ക്ക് 84.37 ലക്ഷം രൂപ, ആടുകള്‍ നഷ്ടമായവര്‍ക്ക് 6.48 ലക്ഷം രൂപ, കോഴിക്കര്‍ഷകര്‍ക്ക് – ഒരു ലക്ഷം രൂപ, കന്നുകാലികള്‍ക്കുള്ള ക്യാംപ് നടത്തിപ്പിന് 78,000 രൂപയും ചെലവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button