വസ്ത്രങ്ങള്‍ അലക്കി കഴിഞ്ഞാല്‍ അവ വെയില് കൊണ്ട് ഉണങ്ങണമെന്നാണ് പഴമക്കാര്‍ പറയുന്നത്. വസ്ത്രങ്ങളിലെ അണുക്കള്‍ നശിച്ചു പോകാന്‍ ഇത് സഹായിക്കുമത്രേ. മാത്രമല്ല നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ പ്രത്യേകിച്ച് കിടപ്പു മുറിയില്‍ വിരിച്ചിടാനായി പഴയ ആളുകള്‍ ഒരു കാരണവശാലും സമ്മതിക്കില്ല. അവരുടെ ഈ ശീലങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ആണ് പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പുതിയ കാലഘട്ടത്തില്‍ സ്ഥലപരിമിതി മൂലം പലരും തുണികള്‍ അലക്കിയതിനു ശേഷം ഉണങ്ങാനായി ഇടുന്നത് വീടിനുള്ളിലും ഫ്ലാറ്റിനുള്ളിലുമൊക്കെയാണ്. വിപണിയില്‍ നിന്നും ലഭിക്കുന്ന സ്റ്റാന്റില്‍ അടുക്കടുക്കായി തുണികള്‍ ഉണക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത്തരത്തില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്കോട്ട്ലന്റിലെ ഗ്ളാസ്ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് വീടിനുള്ളില്‍ തുണി അലക്കി ഉങ്ങാനിടുന്നവരുടെ ആരോഗ്യത്തെ കുറിച്ചുള്ള പഠനം നടത്തിയത്. ഈ രീതിയില്‍ തുണിയുണക്കുന്നവരില് 25 ശതമാനം ആളുകളിലും പ്രതിരോധശേഷി കുറവാണെന്നും ഇവര്‍ക്ക് ശ്വാസകോശസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.
വീട്ടിനുള്ളില്‍ വെച്ച് ഇങ്ങനെ തുണിയുണക്കുമ്പോള്‍ ഇവയിലെ ഈര്‍പ്പം ഫംഗസിനും മറ്റ് സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള അവസരമാകുന്നു. അതുകൊണ്ടുതന്നെ ഈ ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനായി കഴിവതും ശ്രദ്ധിക്കുക. തുണികള്‍ അല്പം അകലത്തില്‍ ഇടുക. ഡ്രയറുള്ള വാഷിംഗ് മെഷീനില്‍ തുണി അല്‍പ്പം ഉണക്കിയ ശേഷം മാത്രം അവ വിരിച്ചിടുക. കട്ടിയുള്ള തുണികള്‍ അകം പുറത്തേയ്ക്ക് തിരിച്ചിടുന്നത് പെട്ടെന്നുണങ്ങാന്‍ സഹായിക്കും. കൂടാതെ വസ്ത്രങ്ങള്‍ക്കിടയില്‍ വായു സഞ്ചാരം കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
Post Your Comments