പാലക്കാട്: ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും മാരക മയക്കുമരുന്നുമായി പിടിയിലായത് ബംഗളൂരുവിൽനിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതിൽ വീട് ഷാഹിന (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം വാളയാർ ടോൾ പ്ലാസയിൽ വച്ച് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 96.57 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻസംഘാംഗവുമാണ് പിടിയിലായ പ്രതി ഹാരിസെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിയുൾപ്പെട്ട ലഹരിവില്പനശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബംഗളൂരുവിൽനിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ വാളയാർ ടോൾ പ്ലാസയിൽ വെച്ചാണ് ഹാരീസും ഷാഹിനയും പിടിയിലായത്.
പാലക്കാട് എ.എസ്.പി. അശ്വതി ജിജി, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗീസ്, എ.എസ്.ഐ. റഹീം മുത്തു, സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി, ജയൻ, വിനീഷ്, മുഹമ്മദ് ഷനോസ്, മൈഷാദ്, ബിജുമോൻ, ബി. ഷിബു, കെ. ലൈജു, ബ്ലസ്സൻ, കെ. ദിലീപ്, ടി.ഐ. ഷെമീർ, വനിത സിവിൽ പോലീസ് ഓഫീസർ വി.ആർ. സജന എന്നിവരും ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും ചേർന്നാണ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്.
Post Your Comments