KeralaLatest NewsIndia

‘കുട്ടിയെ കണ്ടപ്പോൾ കരയുന്നത് പോലെ തോന്നി, അതിനാൽ ഫോട്ടോയെടുക്കാൻ തോന്നി’:13കാരിയെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്ന് ബബിത

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശിനി ബബിതയാണ് തമ്പാനൂരിൽ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രം പകർത്തിയത്. ഇതോടെയാണ് പെൺകുട്ടി യാത്ര ചെയ്ത സ്ഥലം സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചത്.

പെൺകുട്ടി ധരിച്ചിരുന്ന ഡ്രസ് ഉൾപ്പെടെ ഒത്തുനോക്കി കുട്ടിയെ തിരിച്ചറിയാൻ മലയാളി അസോസിയേഷൻ പ്രവർത്തകർക്കും ഈ ഫോട്ടോ സഹായകമായിരുന്നു.കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നുവെന്നും കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ നിന്നും പിണങ്ങി വന്നതാണെന്നും തോന്നിയില്ല. കുട്ടിയെ കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു.

കുട്ടിയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാർത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നൽകിയത്. എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ അയച്ചു കൊടുത്ത ഉടനെ നടപടികൾ വേ​ഗത്തിലാക്കുകയായിരുന്നു പൊലീസ്. ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.

അതേസമയം, കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിൻറെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിം​ഗ് കൊടുക്കും. അതേസമയം, കുട്ടിയെ വിമാനാർ​ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. ട്രെയിനിനുള്ളിലെ ബെർത്തിൽ ഉറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി. കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടർന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിയ്ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button