Latest NewsIndia

ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’- അശോക് ഹാളിന്റെയും പേര് മാറ്റി

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും ആയിരിക്കും ഇനി അറിയപ്പെടുക. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് രണ്ട് ഹാളുകൾക്കും പുനർനാമകരണം നടത്തിയത്.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ദേശീയ പുരസ്‌കാര സമർപ്പണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ‘ദർബാർ’ എന്ന പദം ഇന്ത്യൻ രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കുന്നതാണ്. നിലവിൽ ഒരു റിപ്പബ്ലിക് ആയ ഇന്ത്യയിൽ ഈ ഒരു പദപ്രയോഗം ശരിയായ രീതിയല്ല എന്നാണ് ഉയർന്നുവന്നിരുന്ന അഭിപ്രായം.

പഴയകാലത്ത് രാഷ്ട്രപതി ഭവനിലെ ഒരു ബാൾ റൂം ആയിരുന്നു അശോക് ഹാൾ. ശോകം ഇല്ലാതെയാക്കുന്ന അഥവാ സന്തോഷം വാഗ്ദാനം ചെയ്യുന്ന എന്ന അർത്ഥത്തിലും ശ്രേഷ്ഠനായ ഇന്ത്യൻ ഭരണാധികാരി അശോകചക്രവർത്തിയുടെ പേരിലുമുള്ള ഈ സ്ഥലം അശോക് എന്ന പേര് നിലനിർത്തിക്കൊണ്ട് അശോക് മണ്ഡപം എന്നാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

രാഷ്ട്രപതിയുടെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ പ്രതീകമാണെന്നും ജനങ്ങളുടെ അമൂല്യമായ പൈതൃകമാണെന്നും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാഷ്ട്രപതി ഭവൻ്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കാൻ നിരന്തരമായ ശ്രമങ്ങൾ തങ്ങൾ നടത്തിവരുന്നതായും രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button