KeralaEntertainment

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ: നടപടി റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് കോടതിയുടെ നടപടി. സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്.

2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായില്ല.

ലൈംഗികാതിക്രമം, പ്രതിഫലത്തിലെ ആൺ-പെൺ വിവേചനം തുടങ്ങി സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. സുതാര്യതയോടു കൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാര നടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.

വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനമാണിത്. തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടതാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. അതേ സമയം തെറ്റു ചെയ്ത വ്യക്തികളുടെ പേര് പുറത്ത് വിടില്ല എന്ന തീരുമാനത്തിൽ സിനിമാമേഖലയിലെ തന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button