Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

അർജുനായുള്ള രക്ഷാപ്രവർത്തനം: പ്രതിഷേധം കനത്തതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകട സ്ഥലത്ത്

ബെം​​ഗളൂരു: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താൻ കരസേന ഷിരൂരിലെത്തി. അത്യാധുനിക സംവിധാനങ്ങളുമായി 40 അം​ഗ സംഘമാണ് എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയിലാണ് കുടുംബം. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ.

ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.

രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുന്‍റെ നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

രക്ഷാപ്രവർത്തനത്തിന് കരസേനയെ നിയോഗിക്കണമെന്നും സന്നദ്ധരായ നാട്ടുകാരെ ഉൾപ്പെടെ അവിടേക്ക് പോകാൻ അനുവദിക്കണമെന്നുമായിരുന്നു കുടുംബത്തിൻറെ ആവശ്യം. കരസേന എത്തുന്ന കാര്യം വൈകിട്ടോടെ സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ മാതാവ് ഒടുവിൽ പ്രതികരിച്ചത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ മകനെ ചേർത്തുപിടിച്ച് അർജുന്‍റെ ഫോൺ നമ്പറുകളിലേക്ക് മാറിമാറി വിളിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ.

ഇന്നലെ രാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് കണ്ണാടിക്കലിൽ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതൽ അർജുനുമായി ഏറെ ബന്ധമുള്ള അയൽക്കാർക്കും മണിക്കൂറുകൾ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button