KeralaLatest News

കുത്തിവെപ്പെടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവം: പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജൂലൈ 15 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു . ഇതേ തുടർന്നാണ് കൃഷ്ണ അബോധാവസ്ഥയിലായതെന്ന് പരാതിയിൽ പറയുന്നു.

മുമ്പ് ഇതേ രോഗത്തിന് മലയിൽ കീഴ് ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത ഇഞ്ചക്ഷനിലും അലർജി ഉണ്ടായതായി പരാതിയിൽ പറയുന്നു. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിലായിരുന്നു യുവതി. യുവതിക്ക് അലർജി പരിശോധന നടത്താതെയാണ് ഇഞ്ചക്ഷൻ നൽകിയതെന്നാണ് പരാതി.

ഇതിനിടെ കൃഷ്ണയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ മെഡിക്കൽ രേഖകളിൽ കൃത്രിമത്വം കാട്ടി. ഇസിജി എടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി. കൃഷ്ണയുടെ ഭർത്താവിൻ്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും കുടുംബം ആരോപിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button