തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തന്നെ തുടരാൻ സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഇതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. നാളെയോടെ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നും തുടർന്ന് വടക്കു – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒഡിഷ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലേതിന് സമാനമായി വടക്കൻ കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്.
കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്കുമാണ് സാധ്യത.
ഓറഞ്ച് അലർട്ട്
19 – 07 – 2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
യെല്ലോ അലേർട്ട്
19 – 07 – 2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
20 – 07 – 2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
21 – 07 – 2024: കണ്ണൂർ, കാസർകോട്
വീടിന് ചുറ്റും വെള്ളം പൊങ്ങി; കുടുംബത്തിന് രക്ഷയായി ജെസിബി കൈകൾ
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 22 – 07- 2024 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കി. മീ വരെയും ചില അവസരങ്ങളിൽ 55 കി.മീ വരെയും വേഗത്തി കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത. തിങ്കളാഴ്ചവരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയത്. കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾക്കൊഴികെയുമാണ് അവധി. മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധിയാണ് നൽകിയിരിക്കുന്നത്. കോഴിക്കോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. ജില്ലാ കളക്ടർമാരുടെ അവധി അറിയിപ്പ് അറിയാം.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (2024 ജൂലൈ 19) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കാസർകോട് കോളേജുകൾക്കൊഴികെ അവധി
കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്നലെ നാലു മണി മുതൽ ഇന്ന് രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 19, 2024) ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്ന് കളക്ടർ അറിയിച്ചു.
പാലക്കാട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കനത്ത കാലവർഷത്തിന്‍റെ യും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കൺവാടികൾ, കിൻഡർഗാർഡൻ, മദ്രസ്സ, ട്യൂഷൻ സെന്‍റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 19 – 07 – 2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണെന്നും കളക്ടർ വ്യക്തമാക്കി.
വയനാട്ടിലും ഇന്ന് അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കം അവധി ബാധകമല്ലെന്നും കളക്ടർ അറയിച്ചു.
മലപ്പുറത്ത് രണ്ട് ഉപജില്ലകളിൽ അവധി
മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വിആർ വിനോദ് ഇന്ന് (19-07-24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി
ദേവികുളം താലൂക്ക് പരിധിയിൽ കനത്ത മഴയും, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു യാത്ര തടസ്സം ഉള്ളതിനാലും ഇന്ന് ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( അങ്കണവാടികൾ, നഴ്സറി സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവ ഉൾപ്പെടെ) അവധി ആണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്‍റർവ്യൂ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
കോഴിക്കോട് അവധി ഇങ്ങനെ
കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കലക്ടർ പറഞ്ഞിരുന്നു. ഇവിടങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
Post Your Comments