KeralaLatest News

കണ്ണൂരിൽ കണ്ടെത്തിയ ആമാടപ്പെട്ടി സൂക്ഷിച്ചത് പഴയകാലത്തെ സമ്പന്നനായ വ്യക്തി: ആ നിധി അമൂല്യമായ തനിത്തങ്കം തന്നെ

കണ്ണൂർ: ശ്രീകണ്ഠപുരത്തുനിന്നും കണ്ടെത്തിയ നിധിശേഖരത്തിൽ വെനീഷ്യൻ കാശുമാലകൾ മുതൽ സാമൂതിരിപണം വരെ. എഡി 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലെ ആഭരണങ്ങളും പണവും അടങ്ങുന്നതാണ് നിധിശേഖരമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നു. ബുധനാഴ്ച്ചയാണ് പുരാവസ്തുവകുപ്പ് ഉദ്യോ​ഗസ്ഥർ ഈ നിധിശേഖരം വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയത്. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിധിശേഖരത്തിന്റെ പരിശോധനയും കാലനിർണയവും നടത്തിയത്.

കണ്ണൂർ പരിപ്പായിലെ പറമ്പിൽനിന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയ നിധിശേഖരം തളിപ്പറമ്പ് ആർ.ഡി.ഒ. ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാശുമാലകൾ, സ്വർണമുത്തുകൾ, ആലി രാജാവിന്റെ നാണയങ്ങൾ, കണ്ണൂർ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങൾ, ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി പണം, ജിമിക്കിക്കമ്മൽ, മാലയിൽ ഉപയോഗിക്കുന്ന കുറച്ചുമുത്തുകൾ എന്നിവയാണ് ശേഖരത്തിൽ ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്.

ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങൾ ഉപയോഗിച്ചാണ് കാശുമാലകൾ നിർമിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു. 1659 മുതൽ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻസിസ്‌കോ കോർഡാൻ 1763 മുതൽ 1778 വരെ ഭരിച്ച ആൽവിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് ഇവ. ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാലകളാണ് ലഭിച്ചത്. ഒരു കാശുമാലയ്ക്ക് അഞ്ചുഗ്രാം വരെ തൂക്കമുണ്ട്. ഫ്രാൻസിസ്‌കോ കോർഡാന്റെ പേരിലുള്ള നാല് നാണയങ്ങളുമുണ്ടായിരുന്നു.

സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങളാണ് മറ്റൊന്ന്. 1826-ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങളും പുതുച്ചേരിയിൽനിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ-ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. പുതുച്ചേരി നാണയങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഈ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826-ലെ ആലിരാജയുടെ കണ്ണൂർ പണമാണ്. ഇക്കാലത്തിനു ശേഷമായിരിക്കും ശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണു നിഗമനം.

ചെമ്പിലുള്ള ആമാടപ്പെട്ടിയിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തിയതിനാൽ സമ്പന്നരായ ഏതെങ്കിലും ആളുകൾ ഉപയോഗിച്ചതാകാം. നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പഠിക്കണമെന്നും പരിശോധനക്കെത്തിയവർ പറഞ്ഞു. പുരാവസ്തുവകുപ്പിന് ഏറ്റെടുക്കാവുന്ന വസ്തുക്കളാണ് നിധി ശേഖരത്തിലുള്ളത്. കണ്ടെത്തിയ ആൾക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് റവന്യൂവകുപ്പാണ് തീരുമാനമെടുക്കേണ്ടത്. കണ്ടെത്തിയ നാണയങ്ങളും സ്വർണാഭരണങ്ങളും മ്യൂസിയങ്ങളിൽ ഇല്ലാത്തവയാണെങ്കിൽ പുരാവസ്തുവകുപ്പ് മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button