KeralaLatest News

തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമ ഹര്‍ഷാദിനെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയില്‍ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹർഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും പിന്നാലെ അടിവാരത്തേക്ക് ബസില്‍ യാത്ര തിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഹർഷാദ് വിളിച്ച വിവരം ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് ഹർഷാദിനെ കൂട്ടാനായി താമരശ്ശേരി പൊലീസ് അടിവാരത്തേക്ക് പോയി. രാത്രി പത്തേകാലോടെ ഹർഷാദിനെ താമരശ്ശേരിയിലെത്തിച്ചു. ഹർഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിൻറെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹർഷാദിനെ തട്ടിക്കൊണ്ടുപോയവർ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്.

താമരശ്ശേരി, കാക്കൂർ, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്. ഹ‍‍ർഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ഹർഷാദിനെ സംഘം ഉപേക്ഷിച്ചുവെന്ന വിവരവും പുറത്തുവരുന്നത്.

സംഭവത്തില്‍ നേരത്തെ യുവാവിൻറെ കുടുംബ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം.
തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഹർഷാദിനെ ഇന്ന് വൈകുന്നേരം വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഷോപ്പ് ഉടമയാണ് ഹർഷാദ്. സാമ്ബത്തിക ഇടപാടിനെ തുടർന്നാണ് ഹർഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാർ കണ്ടെത്തിയിരുന്നു. കാറിൻറെ മുൻഗ്ലാസ് തകർത്ത നിലയിലായിരുന്നു. കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പൊലീസിൻറെ ഭാഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടർന്നാണ് ഹർഷാദ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.

shortlink

Post Your Comments


Back to top button