സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്.
1969 ലെ കേരള സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത്. 97% ഓഹരിയും മൂന്നാർ സഹകരണ ബാങ്കിൻറെ പേരിലാണ്. യാതൊരു ഈടുമില്ലാതെ ഓവർട്രാഫ്റ്റായി മാക്സി മൂന്നാറിന് സഹകരണ ബാങ്ക് അനുവദിച്ചത് 12 കോടി 25 ലക്ഷം രൂപ. ബാങ്കിൻറെ പൊതു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ക്രമവിരുദ്ധമായി കരാർ ഉണ്ടാക്കി ഈ കമ്പനിക്ക് കൈമാറി.
സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ലഭിക്കാതെയാണ് ഈ കൈമാറ്റം. ഈ കരാറിൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ലാഭം ബാങ്കിന് നൽകണമെന്ന് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. ഇതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ട്.
സഹകരണ നിയമം ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്ന കാരണത്താൽ മാക്സി മൂന്നാറിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് ബാങ്കിൻറെ വിശദീകരണം. കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പിന് ബോധ്യപ്പെടുത്തി എന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.
Post Your Comments